സരയുവിന്റെ ഓളങ്ങൾ



രാമായണ ശീലുകൾ മുഴങ്ങുന്ന 
ആഷാഢ സന്ധ്യകൾ
 എന്നെ ഓർമ്മപ്പെടുത്തുന്നത്  നിന്നെയാണ്. 
തിരസ്കാരത്തിൻ്റെ നോവു പടർന്ന
നിന്റെ ഹൃദയം കണ്ടവരിൽ
മരവുരി ധരിക്കാതെ
യോഗിനിയായ് മാറിയ ഒരുവളുണ്ടായിരുന്നു .
 അയോദ്ധ്യയുടെ അകത്തളങ്ങളിൽ
 എവിടെയോ
ഒരു മൗനം പോലും അവശേഷിപ്പിക്കാതെ
കടന്നു പോയവൾ.....
പിന്നെ നിന്നിലെ നിന്നെ
ആത്മാവിൽ ആവാഹിച്ച ഈയുള്ളവളും,
യുഗാന്തരങ്ങളിലൂടെ അലയാൻ വിധിക്കപ്പെട്ടവൾ, സരയു.
നിൻറെ നയങ്ങളിലെ തീക്ഷ്ണതയുടെ വ്യാപ്തിയിൽ
 ഞാൻ എത്രയോ തവണ
ധർമ്മത്തിന്റെ അർത്ഥ തലങ്ങളെ
വ്യാഖ്യാനിച്ചെടുത്തിരിക്കുന്നു..... 



നിൻറെ ഏകാന്ത മൗനത്തെ, 
തപ്ത നിശ്വാസങ്ങളെ 
എന്നോളം അറിഞ്ഞവർ ആരുമില്ലെന്ന് തോന്നുകയാണ്. 
ഒടുവിൽ നീയൊരു നേർത്ത വിങ്ങലായ്, 
എന്നിൽ വീണലിഞ്ഞപ്പോൾ 
ആദ്യമായ് എൻ്റെ മിഴികളിൽ 
അശ്രുബിന്ദുക്കൾ പടർന്നൊഴുകി.....
ആ പ്രവാഹത്തിൽ
നിൻറെ പ്രഭുവിൻറെ ജല്പനങ്ങൾ വിസ്മൃതിയിലാണ്ടു 
നിൻറെ തപസ്വിനി ഒരു ദുഃഖ ബിന്ദുവായ്‌ എങ്ങോ മറഞ്ഞു....
ത്രേതായുഗം ഒരു നേർത്ത ശീലായ് 
മുഗ്ദവാത്മീകത്തിനുള്ളിൽ പോയൊളിച്ചു. 
എന്നിട്ടും ഞാൻ അവിശ്രമം ഒഴുകുന്നു
നിൻറെ ഓർമ്മകളും പേറി യുഗാന്തരങ്ങളിൽ അലയാൻ വിധിക്കപ്പെട്ടവളെന്നറിഞ്ഞുകൊണ്ടുതന്നെ .......
എങ്കിലും ലക്ഷ്മണാ 
നീയെന്നെ അറിഞ്ഞില്ല,
 നിന്നിലും നന്നായ് നിന്നെയറിഞ്ഞൊരെന്നെ... 


Comments

Popular posts from this blog

മൗനം പഠിപ്പിക്കുന്നത്...

മൗനവാത്മീകം

ഒളിയിടം