ജീവിതത്തിന്റെ പൂമ്പാറ്റച്ചിറക്
തത്ത്വശാസ്ത്രങ്ങളുടെ മൂർച്ച പോയ പല്ലുകൾ വിജനമായ തെരുവിൽ കൊഴിഞ്ഞു കിടന്നിരുന്നു ....രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളുടെ നിറമില്ലാത്ത മഷിയിൽ മുക്കിയ അവസാനത്തെ കൊടിയും ശവങ്ങളെ പുതപ്പിക്കാൻ ആരോ വലിച്ചെടുത്തു . വക്കു പൊട്ടിയ കലങ്ങളിൽ അപ്പോഴും ഏതോ എല്ലുപൊന്തിയ കൈകൾ ധാന്യ മണികൾ തിരഞ്ഞു ...നഗരത്തിലെ നിശാ നൃത്ത ശാലകളിൽ , നിറഞ്ഞ മദ്യക്കോപ്പകളിൽ ആരോ കവിതയുടെ വേരുകൾ തേടി അലഞ്ഞു . യാത്ര പോലും പറയാതെ തണുത്ത ഉറക്കത്തിലേക്കു പോയ മകന്റെ അമ്മ രാത്രികളിൽ പിച്ചും പേയും പറയുന്നുണ്ടാവും ....തെരുവ് നായ്ക്കൾ പുറത്തു കാവൽ നില്ക്കുന്ന മുറിക്കുള്ളിൽ അവന്റെ പെങ്ങൾ ഒരു കയർ ഒരുക്കുന്നുണ്ടാവാം .... ഇതൊന്നുമല്ല ജീവിതം , അത് വിസ്മയങ്ങളുടെ പൂമ്പാറ്റ ചിറകു പോലെയെന്ന് പറഞ്ഞ് ഏതോ പക്ഷി ജനാലയിൽ വന്നവളെ വിളിക്കും ....കഴുത്തിൽ കുരുക്കാൻ വച്ച കയർ മറന്ന് അവളൊരു പൂമ്പാറ്റയാവും ....
Comments
Post a Comment