നദിയായ്

മറവിയാം ജാലകപ്പഴുതിൽ  ഞാനിന്നിന്റെ
നിമിഷ വേഗങ്ങളിൽ കാറ്റായ്  പടരവേ
ഹൃത്തിൻ വ്രണത്തിലിനിയമൃതൂറ്റി  വീണ്ടും
വ്യർത്ഥ മോഹങ്ങളാം വിത്തു പാകരുതിനി
പിൻ വിളിയാലെന്നെ ഭൂത കാലത്തിൻ
തമോഗർത്ത വേദിയിൽ ആഴ്തീടരുതിനി

ചിതയാണു  ഞാൻ ,നഷ്ടമോഹങ്ങൾ തൻ ചിത
അനുവദിക്കിനിയെന്നെ എരിഞ്ഞടങ്ങീടുവാൻ
ഒടുവിലൊരുപിടിച്ചാരമായ്  നിന്നിലൊഴുകും
ഞാനുമെൻ വ്യാമോഹ വർണ്ണ ശലഭങ്ങളും

പിന്നെയാ ചാരത്തിൽ നിന്നും വിടരും
പുത്തനുഷസ്സിൻ നൈർമ്മല്യ വേദാന്തം
അന്ന്  ,ഞാൻ വീണ്ടും പിറക്കുമൊരു നദിയായ്
മന്വന്തരങ്ങളിൽ അലസ്സമായ്  ഒഴുകുവാൻ

അന്നുമെൻ തീരത്ത്  നീ വന്നിരിക്കുമോ
പൊട്ടിത്തകർന്ന മുളംതണ്ടിന്നീണമായ്
 അന്നും  നീ എന്റെയീ ശുഭ്രജലധാരയിൽ
ജീവിതവ്യഥയുടെ  വിഷം കലർത്തീടുമോ ?

എന്നിട്ടും മതി വരാതെങ്ങോ നീ മറയും
പുതിയ വസന്തത്തിൻ രാജകല തേടും 
അപ്പോഴും മൂകമൊരു സാഗരം പേറി ഞാൻ
ഒഴുകുമൊരു നദിയായ്  , യമുനയായ്  പിന്നെയും

Comments

Post a Comment

Popular posts from this blog

ഒളിയിടം

മൗനവാത്മീകം

മൗനം പഠിപ്പിക്കുന്നത്...