നിലാവ്

ഈറൻ നിലാവിന്റെ ഗദ്ഗദം  തൂകുന്ന
പാൽനിലാപ്പുഞ്ചിരി മാഞ്ഞുവെന്നോ
അന്ധകാരത്തിൻ ചിതൽപ്പുറ്റുകൾക്കുമേൽ
ഞാനാം നിലാപ്പക്ഷി പാടുന്നോരീണം
കേൾക്കാതെ നീയും മറഞ്ഞിടുന്നോ

ഏതോ വിശാലമാം ബോധതത്വത്തിങ്കൽ
ഏതോ വിഭൂതികൾ നാദലയങ്ങളായ്
ബുദ്ധിയാം യോഗിതൻ ജ്ഞാനദൃഷ്ടാന്തം
നിതാന്തം ഉണർത്താനൊരുക്കി നിലാവിനെ
നീയറിവാം നിലാവ് , ഈ രാത്രിതൻ സ്പന്ദനം
അറിയുന്നവൾ ,പിന്നെ അറിയാത്തവൾ

സഖീ അറിയുന്നതില്ല നീ നിന്നെ ,നീ വെറും
രാവിന്റെ മാത്രം രാജ്ഞിയെന്ന് 
അഭൗമമാം നിൻ സൗന്ദര്യമെൻ
ഭാവനാമണ്ഡലം ബന്ധുരമാക്കവേ
സംയമിയായ് ഞാൻ ഉണർന്നിരിക്കുന്നു
നിൻ പ്രഭാപൂരമെന്നന്തരംഗം
ചിന്താസ്ഫുലിംഗങ്ങളാക്കി മാറ്റി
പിന്നെ ഞാൻ നിന്റെ രഹസ്യവും തേടി
ആകാശ വീഥിയിൽ അലയടിക്കുന്നിതാ

എങ്കിലും അറിയാൻ കഴിയുന്നതില്ല
എന്തായിരുന്നു എനിക്കു നീയെന്നു
കാല്പനികമാമൊരു വിഭ്രമബിന്ദുപോൽ
നീ ഇനിയൊരു മാത്ര മറഞ്ഞിടുമെങ്കിലും
ഞാനെന്റെ ഭ്രാന്തമാം സങ്കല്പ്പജാലകം
വെറുതെ തുറന്നിടും എന്തിനെന്നറിയാതെ


Comments

  1. "എങ്കിലും അറിയാൻ കഴിയുന്നതില്ല എന്തായിരുന്നു എനിക്കു നീയെന്നു"

    അറിയാത്തതാണ്‌ നല്ലത്, അറിഞ്ഞു തുടങ്ങുമ്പോഴാണ് അകലാന്‍ തോന്നുക, ജീവിതത്തില്‍ നിന്നും...

    അറിയാത്തതാണ്‌ നല്ലത്, അറിഞ്ഞു തുടങ്ങുമ്പോഴാണ് അടുക്കാന്‍ തോന്നുക, മരണത്തോട്..

    ഭാവനാമണ്ഡലവും, സങ്കല്പജാലകവും ആരോ അടച്ചിട്ടിരിക്കുന്നു, ഇന്നുകളില്‍, പിന്നെ ചില ഇന്നലെകളില്‍, ഇനിയില്ലാത്ത നാളെകള്‍ക്ക് വേണ്ടിയാണോ എന്തോ...?!

    ആശംസകളോടെ..

    ReplyDelete
    Replies
    1. ഇപ്പോൾ അറിഞ്ഞു തുടങ്ങിയിരിക്കുന്നു ,അതുകൊണ്ട് അകലങ്ങളിൽ എവിടെയോ മനസ്സിനെ അഴിച്ചു വിട്ടിരിക്കുന്നു .ഒരു പക്ഷെ സങ്കൽപ്പങ്ങൾക്കും , അറിവുകൾക്കും ,പ്രപഞ്ചത്തിനും അപ്പുറം ...മനസ്സ് എന്നൊരു മായിക വിഭ്രമം പതിയെ അലിഞ്ഞില്ലാതാകുന്ന നിമിഷങ്ങൾ ...

      Delete
    2. നിന്നില്‍ മാത്രമേ നിനക്ക് നിന്‍റെ മനസ്സിനെ അഴിച്ചു വിടാന്‍ കഴിയുകയുള്ളൂ, 'നീ'എന്നത് ഈ പ്രപഞ്ചം തന്നെയാണ്, നിന്‍റെ മനസ്സ് തന്നെയാണ്, നീയറിയാതെ ഒന്നും നടക്കുന്നില്ലിവിടെ, നിന്നിലുരുവാകുന്നതു മാത്രമേ സത്യമായിട്ടുള്ളൂ. ഇന്ദ്രിയങ്ങള്‍ക്കതീതമായി പോയത് കൊണ്ടതിനെ വിഭ്രമമെന്നു പറയുന്നു. അലിഞ്ഞില്ലാതാകുന്നത് ആ മനസ്സില്‍ തന്നെ.

      Delete
    3. ഇന്ദ്രിയാതീതമായത് എന്തും ഈ ലോകത്തിനു വിഭ്രമമാണ് . പക്ഷേ ആ മതിഭ്രമത്തിന്റെ പാതകളിൽ എവിടെയോ സ്പന്ദനാത്മകമായ മനസ്സ് ആത്മാവിൽ വിലയം പ്രാപിക്കാൻ ശ്രമിക്കുന്നു .

      Delete
    4. ഇന്ദ്രിയങ്ങള്‍ക്കതീതമായ മനസ്സ് (ഇഹത്തില്‍ വിഭ്രമം തന്നെ), പരത്തില്‍ ആ മനസ്സ്, അതിന്നതീതമായ ആത്മാവില്‍ തന്നെ വിലയം പ്രാപിക്കണം.

      Delete
    5. ആത്മാവിന്റെ സ്പന്ദന സ്വഭാവം അടങ്ങുമ്പോൾ ദ്വൈത ഭാവങ്ങളും അപ്രത്യക്ഷമാകും ,പിന്നെ അനശ്വരമായത് എന്തോ അതു മാത്രം ...

      Delete
    6. എല്ലാ ചലനങ്ങള്‍ക്കുമൊടുവില്‍ നിശ്ചലമായിത്തീര്‍ന്നു, എല്ലാ ഭാവങ്ങളെയും വെടിഞ്ഞ് പിന്നൊരു ശൂന്യത മാത്രം. അതിനാണ് ഓരോ ജന്മവും.

      Delete

Post a Comment