കവിയുടെ നിഴൽ

ഞാനൊരു നിഴൽ , വെറുമൊരു നിഴൽ
പ്രതിരൂപം തേടി സഹസ്രാബ്ധങ്ങളില-
ലഞ്ഞുടഞ്ഞു തീരുമൊരു നേർത്ത വിങ്ങൽ
സിരയിലൂടൊഴുകുമീ വിഷരേണുക്കൾ തൻ
ഉഗ്രതാപം സഹിയാതെ സ്വപ്നാടനങ്ങളിൽ
ശാന്തി തിരഞ്ഞുപോമൊരു മുഗ്ദവാത്മീകം
മന്വന്തരങ്ങൾതൻ കാതിൽ മുഴങ്ങിയ
ശ്രുതികളൊന്നായ്‌  വ്യസിച്ചൊരു വേദസാരം

കനിവിന്റെയുറവ വറ്റിവരണ്ടൊരാ
കരിങ്കൽക്കിടാങ്ങൾ തൻ നെഞ്ചിലും
പ്രണയമന്ത്രാക്ഷരികുറിച്ചകന്നീടുമൊരു
സ്നിഗ്ദ്ധ സുഗന്ധിയാം മരുക്കാറ്റ്

തെരുവോരങ്ങളിലഴുക്കുചാലുകളിൽ
കണ്ടാലറയ്ക്കുമൊരടിയാള നെഞ്ചിൽ
ഈശ്വരനെ പ്രതിഷ്ടിച്ച ക്രാന്തദർശ്ശി

ആത്മായനങ്ങളിൽ സത്ത ചോരാതെ
കാവ്യത്തിൻ ജനിതകസൂത്രം വഹിച്ചിതാ
ഭൂതകാലത്തിൻ  മഹായാനത്തിലൂടവേ
കുടിയിരിക്കാനൊരുടൽ തേടിയലയും നിഴൽ

Comments

Post a Comment